What is Dheeksha or Initiation

പുരാതനകാലത്തെ യാത്ര പൂർണ്ണമായും കാൽനടയായിരുന്നു. പിന്നീട് അത് വഞ്ചിയിലേക്ക് രഥത്തിലേക്കും മാറി, ക്രമേണ ഇന്നത്തെ വിമാനത്തിൽ വരെ എത്തി നിൽക്കുന്നു. ഇവ എല്ലാത്തിന്റെയും ലക്ഷ്യം സഞ്ചാരം എന്നത് തന്നെയാണ് പക്ഷേ അതിന് ഇത്രയും മാർഗ്ഗങ്ങൾ ഉടലെടുത്തത് സമയം എന്ന മായാജാലത്തെ തോൽപ്പിക്കാൻ വേണ്ടിയായിരുന്നു. നടക്കുമ്പോൾ എടുക്കുന്ന സമയം വഞ്ചയിൽ കുറവായിരിക്കും, വാഹനത്തിൽ ആവുമ്പോൾ പിന്നെയും കുറയും, വിമാനത്തിൽ എത്തിയാൽ വലിയ തോതിൽ സമയം മനുഷ്യർ ലാഭിക്കുകയാണ്. ഇതേ ഉദ്ദേശം തന്നെയാണ് ദീക്ഷയ്ക്കും

സാധന പഠനവും സാധന ദീക്ഷയും രണ്ടാണ്. ആദ്യത്തേത് പഠനത്തെ ആസ്പദമാക്കി ഉള്ളതായിരിക്കും, അതിൽ തത്വങ്ങളും പ്രായോഗികമായ വിഷയങ്ങളും ഉണ്ടാകും. അതേസമയം ദീക്ഷ പൂർണ്ണമായും ഊർജ്ജത്തെ അടിസ്ഥാനമാക്കി ഉള്ളതാണ്. ദീക്ഷ നൽകുന്ന ഗുരു തന്റെ സ്വന്തം ഊർജ്ജങ്ങൾ ശിഷ്യർക്ക് പകർന്നു കൊടുക്കുന്ന രീതി. ഇതിനർത്ഥം നിങ്ങൾ ഒരു ദിവസം കൊണ്ട് ആത്മീയ ഉന്നതില് പ്രാപിച്ചു എന്നല്ല മറിച്ച് സമർപ്പണ ബോധത്തോടെ നൽകുന്ന സാധന നിഷ്ഠയോടെ പരിശീലിച്ചാൽ ഗുരുവിൽ നിന്നും ലഭിച്ച ഊർജ്ജങ്ങൾ ഏറ്റവും ചുരുങ്ങിയ സമയം കൊണ്ട് ശിഷ്യരുടെ ഉള്ളിൽ വളരാൻ ആരംഭിക്കും. അതിനാൽ മെല്ലെ സാധന പഠിച്ചു വരുന്നവരെക്കാളും എത്രയോ മടങ്ങ് വേഗത്തിൽ ദീക്ഷ സ്വീകരിച്ച വിദ്യാർത്ഥികൾക്ക് മുന്നേറാൻ സാധിക്കും. ഇതുതന്നെയാണ് എല്ലാവിധ ആത്മീയ ദീക്ഷകളുടെയും പ്രധാന ഉദ്ദേശം. മുക്തിക്ക് വേണ്ടി ദാഹിക്കുന്നവന് ഏറ്റവും ചുരുങ്ങിയ സമയം കൊണ്ട് പുരോഗതി നേടാനുള്ള വഴിതുറക്കേണ്ടത് ഓരോ ഗുരുവിന്റെയും ഉത്തരവാദിത്വം കൂടെയാണ്, ഇതാണ് യഥാർത്ഥ ദീക്ഷ.

ആത്മീയതയിൽ സത്യസന്ധമായി മുന്നേറാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ ആരിൽ നിന്നും ആണ് ദീക്ഷ സ്വീകരിക്കുന്നത് എന്ന് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. കഴിക്കുന്ന ഭക്ഷണത്തിന്റെ ശുദ്ധി എത്രത്തോളം ശ്രദ്ധിക്കുന്നോ അത്രത്തോളം ശ്രദ്ധ ആരിൽ നിന്നും ദീക്ഷ സ്വീകരിക്കുന്നു എന്നതിലും അനിവാര്യമാണ്. നൽകാൻ മുന്നോട്ടുവരുന്ന വ്യക്തി സ്വയം അജ്ഞാനീയും, ദീർഘ സാധനകളെ പൂർത്തീകരിക്കാത്തവനും, സമൂഹത്തിന്റെ മുന്നിൽ അഭിനേതാവും ആണെങ്കിൽ അവരിൽനിന്ന് സ്വീകരിക്കുന്ന എന്തും അത് ഒരു തുള്ളി വെള്ളമാണെങ്കിൽ പോലും നിങ്ങളുടെ പ്രാണമയകോശത്തെ അശുദ്ധമാക്കുന്നു. ആ വ്യക്തിയിലുള്ള കർമ്മങ്ങൾ പോലും നിങ്ങളിലേക്ക് സഞ്ചരിക്കാനും തുടങ്ങുന്നു. അതുകൊണ്ട് നേട്ടങ്ങൾക്ക് വേണ്ടിയും മനഃസമാധാനത്തിന് വേണ്ടിയും ആത്മീയതയിൽ പ്രവേശിക്കാതിരിക്കുക, മനുഷ്യന്റെ ഈ രണ്ട് കാര്യങ്ങളെ മുതലെടുത്താണ് എല്ലാ Fraud കളും നിലനിൽക്കുന്നത്. ശരീരത്തിനും മനസ്സിന്റെ നാടകങ്ങൾക്കും അപ്പുറം പോകാൻ എന്ന് തയ്യാറാക്കുന്നവോ അന്ന് പ്രകൃതിയോട് യാചിക്കുക ആ യാചനയുടെ ഫലമായിരിക്കും നിങ്ങൾക്ക് ലഭിക്കാൻ പോകുന്ന അല്ലെങ്കിൽ ലഭിച്ച ‘യഥാർത്ഥ’ ദീക്ഷ.